പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകും; പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട്ടിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. തന്നിലർപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ട്. ഈ വിജയം നിങ്ങൾ ഓരോരുത്തരുടെതുമാണെന്ന് പ്രിയങ്ക എക്‌സിൽ കുറിച്ചു.
പ്രിയപ്പെട്ട വയനാട്ടിലെ സഹോദരി, സഹോദരൻമാരെ എന്ന് സംബോധന ചെയ്താണ് പ്രിയങ്കയുടെ കുറിപ്പ് തുടങ്ങുന്നത്. ‘നിങ്ങൾ ഓരോരുത്തരും എന്നിൽ അർപ്പിച്ച വിശ്വാസത്തിൽ അതീയായ സന്തോഷമുണ്ട്. വരും നാളുകളിൽ ഈ വിജയം നിങ്ങൾ ഓരോരുത്തരുടേതുമാണെന്ന് ഞാൻ തെളിയിക്കും. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങൾ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാർലമെന്റിൽ വയനാടിന്റെ ശബ്ദമാകും’- പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു.
തനിക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയ്ക്കും സ്‌നേഹത്തിനും ഒരുപാട് നന്ദിയുണ്ട്.തന്നോടൊപ്പം ഭക്ഷണവും വിശ്രമവുമില്ലാതെ 12 മണിക്കൂറിലധികം പ്രചാരണത്തിൽ പങ്കാളികളായ യുഡിഎഫ് പ്രവർത്തകരോട് ഒരുപാട് നന്ദിയുണ്ട്. ധൈര്യവും സ്‌നേഹവും നൽകി കൂടെ നിന്ന അമ്മയ്ക്കും റോബർട്ടിനും മക്കൾക്കും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. എല്ലാവരെക്കാളും ഉപരി പോരാളിയായി സഹോദരൻ രാഹുലും കൂടെ നിന്നു. എല്ലായ്‌പ്പോഴും തന്റെ വഴികാട്ടിയായ രാഹുലിന്റെ പിന്തുണ തനിക്ക് കരുത്തുപകർന്നുവെന്നും പ്രിയങ്ക ഗാന്ധി കുറിച്ചു.
2019ൽ വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തോടൊപ്പം എത്തിയില്ലെങ്കിലും രാഹുലിനേക്കാൾ മികച്ച പ്രകടനമാണ് പ്രിയങ്ക കാഴ്ചവെച്ചത്. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയുടെ വിജയം. മൊത്തം പോൾ ചെയ്തതിന്റെ 64.99 ശതമാനം വോട്ടുകൾ പ്രിയങ്കയ്ക്ക് ലഭിച്ചു. 2019-ൽ രാഹുലിന് 64.67 വോട്ടുകളാണ് ലഭിച്ചത്. പോളിങ് ശതമാനം കുറഞ്ഞിട്ടും രാഹുലിന് ലഭിച്ചതിലും വോട്ടുവിഹിതം പ്രിയങ്കയ്ക്ക് ലഭിച്ചു. ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ രാഹുലിന് ഒപ്പമെത്താനായില്ലെങ്കിലും രാഹുലിനേക്കാൾ മികച്ച പ്രകടം പ്രിയങ്ക കാഴ്ചവെച്ചന്നാണ് കണക്കുകൾ പറയുന്നത്. ഇടതുപക്ഷത്തിന്റെ സത്യൻ മെകേരി 2,11,407 വോട്ടുകൾ സ്വന്തമാക്കിയപ്പോൾ ബിജെപിയുടെ നവ്യാ ഹരിദാസ് 1,09,939 വോട്ടുകൾ കരസ്ഥമാക്കി.