ആധാർ തിരുത്താൻ ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം
പുതിയ ആധാർ എടുക്കുന്നതിനും നിലവിലുള്ളവയിൽ തിരുത്തലുകൾ വരുത്തുന്നതിനും യുണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നിബന്ധനകൾ കർശനമാക്കി. രാജ്യത്ത് ആധാറുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടാണ് നീക്കം.പുതിയ ആധാർ എടുക്കുന്നതിനുള്ള അപേക്ഷയ്ക്കൊപ്പം സമർപ്പിക്കുന്ന രേഖകളിലെ ചെറിയ പൊരുത്തക്കേടുകൾ പോലും അംഗീകരിക്കില്ല. പേരിലെ ചെറിയ തിരുത്തലുകൾക്ക് പോലും ഗസറ്റ് വിജ്ഞാപനം നിർബന്ധമാക്കി. ഇതോടൊപ്പം തിരിച്ചറിയൽ രേഖയും സമർപ്പിക്കണം. പേരുതിരുത്താൻ പരമാവധി രണ്ടവസരമാണ് ലഭിക്കുക.
എസ്എസ്എൽസി സർട്ടിഫിക്കറ്റ് പാൻകാർഡ്, വോട്ടർ ഐഡി, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട് എന്നിവയിലേതെങ്കിലും രേഖയായി സമർപ്പിക്കാവുന്നതാണ്. ജനനത്തീയതി ഒരു തവണ മാത്രമേ തിരുത്താനാകൂ. 18 വയസുവരെയുള്ളവരുടെ ജനന തീയതി തിരുത്താൻ സംസ്ഥാനങ്ങളിലെ അംഗീകൃത അധികൃതർ നൽകുന്ന ജനനസർട്ടിഫിക്കറ്റ് മാത്രമാണ് പരിഗണിക്കുക.
പാസ്പോർട്ട്, എസ്എസ്എൽസി ബുക്ക് തുടങ്ങിയ രേഖകൾ പരിഗണിക്കില്ല. 18 വയസിന് മുകളിലുള്ളവർക്ക് എസ്എസ്എൽസി ബുക്ക് ജനന തീയതിയുടെ രേഖയായി സമർപ്പിക്കാവുന്നതാണ്. ജനന തീയതി തിരുത്താൻ എസ്എസ്എൽസി. ബുക്കിലെ പേര് ആധാറുമായി പൊരുത്തപ്പെടണമെന്ന വ്യവസ്ഥയുമുണ്ട്.