11 നവജാത ശിശുക്കൾ മരിച്ചത് ഷോർട് സർക്യൂട്ട് മൂലം; അശ്രദ്ധയില്ലെന്ന് രണ്ടംഗ സമിതി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആശുപത്രിയിൽ 11 നവജാത ശിശുക്കൾ മരിച്ചത് ഷോർട് സർക്യൂട്ട് മൂലമാണെന്ന് സംഭവം അന്വേഷിക്കുന്ന രണ്ടംഗ സമിതിയുടെ കണ്ടെത്തൽ. ഇതിൽ ക്രിമിനൽ ഗൂഢാലോചനയോ അശ്രദ്ധയോ ഇല്ല. അതുകൊണ്ട് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ബുന്ദേൽഖണ്ഡ് മേഖലയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രികളിലൊന്നായ ഝാൻസി മഹാറാണി ലക്ഷ്മി ബായി മെഡിക്കൽ കോളജിലായിരുന്നു സംഭവം. നവജാത ശിശുക്കളുടെ വാർഡിൽ വെള്ളിയാഴ്ച രാത്രി 10.45 ഓടെ തീപിടിത്തമുണ്ടാവുകയും 11 കുഞ്ഞുങ്ങൾ വെന്ത് മരിക്കുകയുമായിരുന്നു.
സ്വിച്ച്‌ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. പീഡിയാട്രിക്‌സ് വാർഡിൽ നവജാതശിശുക്കൾ ഉള്ളതിനാൽ വാട്ടർ സ്പ്രിംഗ്ലറുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടർമാർ കമ്മിറ്റിയെ അറിയിച്ചു.