മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; എൻപിപി എൻഡിഎ സഖ്യം വിട്ടു
ഇംഫാൽ: മണിപ്പൂരിൽ കലാപം കത്തിപ്പടരുന്നതിനെതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് എൻപിപി(നാഷ്ണൽ പീപ്പിൾസ് പാർട്ടി) എൻഡിഎ സഖ്യം വിട്ടു. സംസ്ഥാനത്ത് സംഘർഷം തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാറിനുള്ള പിന്തുണ എൻപിപി പിൻവലിച്ചത്. ഇക്കാര്യം അറിയിച്ച് എൻപിപി ജെപി നദ്ദയ്ക്ക് കത്ത് നൽകി. സർക്കാർ പരാജയമാണെന്ന് എൻപിപി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയിൽ 7 അംഗങ്ങളാണ് എൻപിപിക്കുള്ളത്. ബിജെപി കഴിഞ്ഞാൽ രണ്ടാമത്തെ വലിയ കക്ഷിയാണ് എൻപിപി.
ഇംഫാലിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും വീടുകൾക്ക് നേരെ വ്യാപക ആക്രമണമാണ് ഉണ്ടാകുന്നത്. കാണാതായവരുടെ മൃതദേഹങ്ങൾ നദിയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷം പടർന്നത്. ഇവരെ കണ്ടെത്താൻ സർക്കാരിൻ്റെ ശ്രമങ്ങൾ കാര്യക്ഷമമല്ല എന്നാണ് പരാതി. അഫ്സ്പ പുനഃസ്ഥാപിച്ച നടപടി പിൻവലിക്കണം എന്നും സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി അടിയന്തരമായി മണിപ്പൂരിൽ എത്തണമെന്ന് രാഹുൽഗാന്ധി ആവശ്യപ്പെട്ടു.