ഡല്‍ഹിയില്‍ ശ്വാസം മുട്ടി ജനങ്ങൾ; വായുമലിനീകരണം രൂക്ഷം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ശ്വാസം മുട്ടി ജനങ്ങൾ. ഞായറാഴ്ച രാവിലെ തലസ്ഥാനത്തെ വായു ഗുണനിലവാര സൂചിക 428 ലേക്ക് എത്തി. ഡല്‍ഹിയില്‍ പുകമഞ്ഞ് മൂടി കാഴ്ച തടസ്സപ്പെട്ട നിലയിലാണ്. ഇതുമൂലം വാഹന ഗതാഗതവും തടസ്സപ്പെട്ടു. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാഴ്ചാപരിധി രാവിലെ 800 മീറ്ററായി കുറഞ്ഞു. ഇതേത്തുടര്‍ന്ന് 107 വിമാനങ്ങള്‍ വൈകി. മൂന്നു വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹിയിലെ പല കേന്ദ്രങ്ങളിലും വായു ഗുണനിലവാര സൂചിക 400ന് മുകളിലാണ്. ഡല്‍ഹിയിലെ വിവിധ നഗരങ്ങളിലെ വായു ഗുണനിലവാര സൂചിക ഇപ്രകാരമാണ്. ബവാന-471, അശോക് വിഹാര്‍, ജഹാനഗിരിപുര – 466, മുണ്ട്ക, വാസിര്‍പൂര്‍-463, ആനന്ദ് വിഹാര്‍, ഷാഹിദ്പൂര്‍, വിവേക് വിഹാര്‍-457, രോഹിണി – 449, പഞ്ചാബ് ബാഗ് – 447 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക. നോയിഡയിലും ഗുരുഗ്രാമിലും യഥാക്രമം 308, 307 എന്നിങ്ങനെയാണ് വായുഗുണനിലവാര സൂചിക രേഖപ്പെടുത്തിയത്.