ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പ്;എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചു
തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപ് വിജയിച്ചു. 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയിച്ചത്. 64,259 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് 52,626 വോട്ടുകളാണ് ലഭിച്ചത്. ബിജെപിയുടെ കെ ബാലകൃഷ്ണൻ 33609 വോട്ടുകൾ നേടി. 1034 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.
അതേസമയം, ചേലക്കരയിൽ കെ രാധാകൃഷ്ണൻ 2021 ൽ നേടിയ ഭൂരിപക്ഷത്തിന്റെ പകുതി പോലും നേടാൻ ഇത്തവണ ഇടതുസ്ഥാനാർത്ഥിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ രാധാകൃഷ്ണന് 39,400 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചിരുന്നത്. ഇത്തവണ പ്രദീപിന്റെ ഭൂരിപക്ഷമാകട്ടെ 12,201 വോട്ടുകൾ. 2021 ലെ തെരഞ്ഞെടുപ്പിൽ 9.60 ശതമാനത്തിന്റെ വർധനയോടെ, ആകെ പോൾ ചെയ്തതിന്റെ 54.41 ശതമാനം വോട്ടുകളും നേടിയാണ് ( ആകെ 83,415) കെ രാധാകൃഷ്ണൻ വിജയിച്ചത്.
ഇത്തവണ പ്രദീപിന് ആകെ പോൾ ചെയ്തതിന്റെ 41.44 ശതമാനം വോട്ടാണ് ലഭിച്ചത്. 568 പോസ്റ്റൽ വോട്ടുകൾ അടക്കം ആകെ 64827 വോട്ടുകളാണ് ആകെ കിട്ടിയത്. രമ്യ ഹരിദാസിന് 33.64 ശതമാനം വോട്ടു ലഭിച്ചു. തപാൽ വോട്ടുകളായ 489 അടക്കം ആകെ 52,626 വോട്ടുകളാണ് രമ്യയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ബാലകൃഷ്ണന് 255 പോസ്റ്റൽ വോട്ടുകൾ അടക്കം 33,609 വോട്ടുകൾ ലഭിച്ചു. 21.49 ശതമാനം. വോട്ടെണ്ണലിന്റെ തുടക്കം മുതലേ സിപിഎമ്മിലെ പ്രദീപ് ആണ് മുന്നേറിയത്. 11-ാം റൗണ്ടിൽ മാത്രമാണ് രമ്യയ്ക്ക് നേരിയ ലീഡ് നേടാൻ സാധിച്ചത്.